‘കോവിഡിനുളള മരുന്ന് ഇന്ത്യ നല്‍കിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ആവശ്യത്തോട് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

‘ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ’, എന്നാണ് തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.

മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തിലാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്.

കഴിഞ്ഞ ദിവസം മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു.അമേരിക്കയില്‍ ഇതിനോടകം 3.66ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് മരണങ്ങള്‍ 10000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

Top