ദോഹ: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മുക്തി നേടിയവര്‍ക്ക് മൂന്ന് മാസത്തേക്ക് കൊവിഡ് പ്രതിരോധശേഷി ഉണ്ടാവുമെന്നാണ് ആരോഗ്യ മേഖലയിലെ വിലയിരുത്തല്‍. ചുരുങ്ങിയത് ഇത്രയും കാലമെങ്കിലും വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ശരീരത്തില്‍ ഉണ്ടാകും. എന്നിരുന്നാലും ഈ കാലാവധി കഴിയുന്നതു വരെ വാക്സിനെടുക്കാന്‍ കാത്തിരിക്കണമന്നില്ല.
ശരീരത്തില്‍ പ്രതിരോധ ശേഷിയുണ്ടെങ്കിലും വാക്സിന്‍ എടുക്കുന്നതു കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍മാരില്‍ ഒരാളായ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. അതേസമയം, കൊവിഡ് ബാധിച്ച സമയത്ത് രോഗിക്ക് പ്ലാസ്മ ചികിത്സ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടനെ വാക്സിന്‍ എടുക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അവര്‍ വാക്‌സിനേഷന്‍ ലഭിക്കുന്നതിന് മൂന്നു മാസം കാത്തിരിക്കണം.എന്നാല്‍ പ്ലാസ്മ ചികിത്സ ലഭിക്കാത്തവരാണെങ്കില്‍ അസുഖം ഭേദമായതിനു ശേഷം ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലുടന്‍ വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്. കൊവിഡ് മുക്തരായ ആളുകള്‍ക്ക് ഒരു ഡോസ് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് ചില പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് കൊവിഡ് മുക്തി നേടിയ വ്യക്തിക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.