റിയാദ്: സൗദിയില്‍ വാക്സിന്‍ വിതരണത്തിനായി രജിസ്ട്രേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവുമായി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രംഗത്ത്. കൊവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കാണിച്ച് മാധ്യമങ്ങളിലൂടെയും മറ്റും പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് സിഹത്തീ ആപ്ലിക്കേഷനല്ലാതെ കൊവിഡ് വാക്സിന് അപ്പോയിന്‍മെന്റെടുക്കാന്‍ വേറെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനെയും മന്ത്രാലയം ചുമതലപ്പെടുത്തിയട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുന്നതിന് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ വച്ച് വാക്സിന്‍ ലഭിക്കാന്‍ സിഹത്തീ ആബ് വഴിയോ http://onelink.to/yjc3nj എന്ന ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 500ലേറെ വിതരണ കേന്ദ്രങ്ങളില്‍ നിന്നായി 26 ലക്ഷത്തിലേറെ പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വരും ദിനങ്ങളില്‍ വാക്സിന്‍ വിതരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിന്‍ സുരക്ഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റിനെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളെയും മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 383,880 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 381 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇവരില്‍ 373,601 പേര്‍ രോഗമുക്തി നേടി. 157 പുതിയ കൊവിഡ് കേസുകളുമായി റിയാദാണ് മുന്നില്‍. 74 കേസുകളുമായി കിഴക്കന്‍ പ്രവിശ്യയും 58 കേസുമായി മക്കയുമാണ് തൊട്ടുപിറകെയുള്ളത്. നിലവില്‍ സൗദിയിലുള്ള 3688 ആക്ടീവ് കേസുകളില്‍ 564 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച ആറു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണം 6591 ആയി.