ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്‌സീന്‍ സ്വീകരിച്ചത്. കൊവിഡ് പ്രതിദിന കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിര്‍ദ്ദേശം.
ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ , ആന്ധ്രാപ്രദേശ്, ഛണ്ഡീഗഡ്, ദില്ലി എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കേസുകള്‍ കൂടിയതിന് പിന്നാലെയാണ് നടപടി. കൊവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര നിര്‍ദേശം. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന 20 പേരുടെയെങ്കിലും പട്ടിക തയ്യാറാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ഥിതി പഠിക്കാനായി കേന്ദ്രം വീണ്ടും വിദഗ്ധ സംഘത്തെ നിയോഗിച്ചു. കേരളത്തിലും, തമിഴ്‌നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസം കുറഞ്ഞത് ആശ്വാസമായെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ വാക്‌സിനേഷന്‍ പരമാവധി നടത്താനും കേന്ദ്രം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുടങ്ങാനാണ് നിര്‍ദേശം