ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോപ്പറേഷന്‍ (സാര്‍ക്ക്) അംഗരാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍.
കൊറോണ വൈറസിന് ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഏകോപിത ശ്രമങ്ങള്‍ ആവശ്യമുള്ളതിനാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ (എസ്എപിഎം) ആരോഗ്യകാര്യ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സഫര്‍ മിര്‍സ സമ്മേളനത്തിന് പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഐഷ ഫാറൂഖി ട്വീറ്റ് ചെയ്തു.
ആഗോളതലത്തില്‍ അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെ പോരാടുന്നതിന് സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കള്‍ സംയുക്ത തന്ത്രം മെനയണമെന്ന് മോദി നിര്‍ദ്ദേശിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ പ്രതികരണം.
‘കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ശക്തമായ തന്ത്രമാണ് സാര്‍ക്ക് രാജ്യങ്ങളുടെ നേതൃത്വം മുന്നോട്ട് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നമ്മുടെ പൗരന്മാരെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാം,’ എന്നായിരുന്നു വെള്ളിയാഴ്ച പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ആഗോളതലത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ വിലപ്പെട്ട ജീവന് സുരക്ഷയൊരുക്കാന്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ യോജിച്ചുനിന്ന് രോഗത്തെ നേരിടേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സാര്‍ക്ക് രാജ്യ നേതാക്കള്‍ സ്വാഗതം ചെയ്തു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക അന്തര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ് സാര്‍ക്ക്.
പാകിസ്ഥാനില്‍ ഇതുവരെ 22 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നും സിറിയയില്‍ നിന്നും പാകിസ്ഥാനിലേക്ക് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഏപ്രില്‍ അഞ്ച് വരെ അടച്ചു. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23ന് നടത്താനിരുന്ന സൈനിക പരേഡും മാറ്റിവച്ചു. പ്രതിരോധമാര്‍ഗമെന്ന നിലയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചുപൂട്ടാനും ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. രാജ്യത്തു ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്.