കൊറോണ ഭീതി; എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറായി

കൊച്ചി: ഇന്നലെ എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുമായി സമ്പര്‍ക്കമുണ്ടായ മുഴുവന്‍ ആളുകളുടേയും വിവരം ശേഖരിച്ചതായി ജില്ലാ ഭരണകൂടം.

ഫ്രാന്‍സില്‍ നിന്ന് എത്തിയ യുവാക്കള്‍ ആരുമായും ബന്ധമില്ലാതെ മാതൃകാപരമായാണ് വീട്ടില്‍ നീരിക്ഷണത്തില്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, വൈറസ് ബാധ സ്ഥിരീകരിച്ച 37 വയസുള്ള ടാക്‌സി ഡ്രൈവര്‍ 36 പേരോടാണ് സമ്പര്‍ക്കം പുലര്‍ത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിച്ച് ലോക്ക് ഡൗണിന്റെ മൂന്നാം ദിനവും നിരവധി പേരാണ് ജില്ലയിലെ തെരുവുകളിലിറങ്ങിത്. അനാവശ്യ യാത്ര നടത്തിയതിന് ഉച്ചവരെ 122 പേര്‍ ജില്ലയില്‍ അറസ്റ്റിലായി. എറണാകുളം സിറ്റിയില്‍ 40 കേസുകളും ആലുവയില്‍ 82 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റിലായവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

Top