ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം

ലണ്ടന്‍: ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 71 കാരനായ ചാള്‍സ് രാജകുമാരന്‍ നേരിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ബുധനാഴ്ച രാവിലെ ക്ലാരന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അടുത്ത അവകാശിക്ക് കൊവിഡ് രോഗം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ കൊട്ടാരത്തിനകത്ത് തന്നെ കര്‍ശനമായ ഐസൊലേഷനിലാണ് ചാള്‍സ് രാജകുമാരന്‍ കഴിയുന്നത്. രാജകുമാരന് കടുത്ത രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് കൊട്ടാരം അധികൃതര്‍ അറിയിക്കുന്നത്. കര്‍ശനനിരീക്ഷണത്തിലാണെന്നും, അദ്ദേഹത്തെ പരിപാലിക്കാനായി ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും കൊട്ടാരം വ്യക്തമാക്കി.

ഭാര്യ കാമില പാര്‍ക്കര്‍ക്കും പരിശോധനകള്‍ നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്നും കൊട്ടാരം അറിയിച്ചു. എവിടെ നിന്നാണ് ചാള്‍സിന് രോഗം പിടിപെട്ടത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല. കൊട്ടാരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നും, കഴിഞ്ഞ കുറച്ച് ദിവസമായി ചാള്‍സ് പങ്കെടുത്ത ഏതെങ്കിലും പൊതു പരിപാടികളില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നും കൊട്ടാരം വ്യക്തമാക്കുന്നു.

നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു. വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്.എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനാണ് ചാൾസ് രാജകുമാരൻ.

കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് ബ്രിട്ടന്‍. ഏതാണ്ട് ആറ് കോടിയോളം പേരാണ് നിലവില്‍ ബ്രിട്ടനില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നത്.

Top