ജൊഹന്നസ്ബര്‍ഗ്: രാജ്യം മുഴുവന്‍ കൊറോണ ബാധ പരുന്നതിന്റെ ഭീതിയിലാണിപ്പോള്‍. എന്നാല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര മുമ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കിയിരിക്കുകയാണ്. ടീം തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തും.
മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലാവും ടീം സഞ്ചരിക്കുകയെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
കൊറോണ വ്യാപനത്തിന്റെ അപകടത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും ടീമംഗങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടക്കുന്നതായും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 12ന് ആദ്യ ഏകദിനം ധരംശാലയില്‍ നടക്കും. രണ്ടാം മത്സരം 15ന് ലക്നൗവില്‍ വച്ചായിരിക്കും നടക്കുക. അവസാന ഏകദിനം 18ന് കൊല്‍ക്കത്തയില്‍ നടക്കും.