കൊവിഡ് നിയമലംഘനം; ബഹ്റൈനില്‍ മൂന്ന് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ പൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 35 റെസ്റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി.

ആഭ്യന്തര മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ബന്ധപ്പെട്ട അധികൃതര്‍പരിശോധന നടത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ 139 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.

18 വയസ്സില്‍ താഴെയുള്ളവരെയും വാക്സിന്‍ സ്വീകരിക്കാത്തവരെയും പ്രവേശിപ്പിക്കുക, കൊവിഡ് ഭേദമായവരുടെ സര്‍ട്ടിഫിക്കറ്റ് ബി അവെയര്‍ ആപ്പില്‍ ഇല്ലാതിരിക്കുക, മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top