കോവിഡ് പ്രതിരോധം; മലപ്പുറത്ത് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും -മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലയാണ് മലപ്പുറം. ജില്ലയിലെ രോഗവ്യാപനം നിയന്ത്രിക്കാനായി ആക്ഷന്‍ പ്ലാന്‍ നടപ്പില്‍ വരുത്തുമെന്ന്‌ വാര്‍ത്താ സമ്മേളനത്തിലൂടെ അദ്ദേഹം അറിയിച്ചു. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ 75,000ത്തോളം കൊവിഡ് പരിശോധനകള്‍ നടത്താനായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ചുമതലയ്ക്കായി കൂടുതല്‍ പൊലീസുകാരെ ജില്ലയില്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറം ജില്ലയില്‍ നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖലാ ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ബാക്കി എല്ലാ ജില്ലകളിലും ലോക്ക്ഡൗണുമാണ് ഇപ്പോള്‍ നിലവിലുള്ളത്.

Top