റിയാദ്: വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ കാരണം വ്യക്തമാക്കി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വേനലവധിയും കോവിഡും ഒരുമിച്ച് വന്നപ്പോഴാണ് നിരക്ക് ഉയരാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി.
ടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രത്യേക നയം നടപ്പിലാക്കാനാണ് നീക്കം. കോവിഡ് കാരണം പൊതുവേ വിമാന സര്‍വീസ് കുറവാണ്. ഇതോടൊപ്പം വേനലവധി കൂടി ഒന്നിച്ചെത്തിയതോടെ ടിക്കറ്റ് വില വര്‍ധിച്ചു. വിമാന സര്‍വീസ് സാധാരണ ഗതി പ്രാപിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.
നിരക്ക് കുറക്കുന്നതിനായി വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള ഉദാര നയം തയ്യാറാക്കിയതായും അതോറിറ്റി അറിയിച്ചു. ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവാണ് ഒരു മാസത്തിനിടെ ഉണ്ടായത്.