ന്യൂഡല്‍ഹി: അന്റാര്‍ട്ടിക്കയില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സംഘത്തിന് തല്‍ക്കാലം പേടിക്കേണ്ട സാഹചര്യമില്ല. 50 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് രണ്ട് സ്റ്റേഷനുകളിലായി ഇവിടെ ഉള്ളത്. കോവിഡ് ബാധിച്ച 36 പേരില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളികളുമാണ്.
‘ചിലിയന്‍ ബേസ് ഇന്ത്യന്‍ ബേസില്‍ നിന്നും വളരെ അധികം ദൂരെയാണ്. ഏകദേശം 5000 കിലോമീറ്ററോളം ദൂരമുണ്ട് അവിടേയ്ക്ക്. അതിനാല്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ല’ ഗോവ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷന്‍ റിസേര്‍ച്ചിന്റെ ഡയറക്ടര്‍ എം. രവിചന്ദ്രന്‍ പറഞ്ഞു.
മൈത്രി, ഭാരതി എന്നീ രണ്ട് സ്ഥിരം റിസര്‍ച്ച് സ്റ്റേഷനുകളാണ് ഇന്ത്യയ്ക്ക് അന്റാര്‍ട്ടിക്കയില്‍ ഉള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിന് ശേഷം വ്യത്യസ്ഥ രാജ്യക്കാരായ ശാസ്ത്രജ്ഞര്‍ തമ്മില്‍ ഇവിടെ പരസ്പരം നേരിട്ട് ഇടപെഴുകാറില്ല. രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഇന്ത്യന്‍ ഗവേഷകര്‍ കൈക്കൊണ്ടിട്ടുണ്ട്.