പരീക്ഷകള്‍ നടത്തുന്നതിന് മുമ്പ് സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും

ന്യൂഡല്‍ഹി: പരീക്ഷകള്‍ നടത്തുന്നതിന് സര്‍വ്വകലാശാലകളെ അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍പാല്‍. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുന്‍മന്ത്രി ഗീത ഭുക്കല്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരുടെ ആശങ്കയ്ക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം. സംസ്ഥാനത്തെ ചില സര്‍വ്വകലാശാലകള്‍ അടുത്ത മാസത്തേയ്ക്ക് പരീക്ഷ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ആരാണ് ഉത്തരവാദികള്‍ എന്നും ഗീതാ ഭുക്കല്‍ ചോദിച്ചു. ആവശ്യം വന്നാല്‍ പരീക്ഷകള്‍ പുനക്രമീകരിക്കുമെന്നും മന്ത്രി കന്‍വര്‍ പാല്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കും. ബിരുദം നേടാന്‍ പതിനാല് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങള്‍ പാഴായിപ്പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

പരീക്ഷയില്ലാതെ ജയിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കന്‍വര്‍ പാല്‍ പറഞ്ഞു. അവര്‍ ഒരു ഉദ്യോഗത്തിനായി ശ്രമിക്കുമ്പോള്‍ അവരുടെ ബിരുദം കൊറോണ ബിരുദമായി പരിഗണിക്കപ്പെടുമെന്നും അതിനെന്ത് മൂല്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ചെയ്യും. അതേ സമയം കൊറോണ ഡിഗ്രി എന്ന കന്‍വര്‍പാലിന്റെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ എതിര്‍പ്പ് പ്രകടിപ്പിച്ചു.

Top