ഇടുക്കി: തൊടുപുഴ പൈങ്കുളത്തെ അഗതി മന്ദിരമായ ദിവ്യരക്ഷാലയത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. 250 പേരില്‍ 196 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദിവ്യരക്ഷാലയത്തെ ആരോഗ്യവകുപ്പ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ വൈകിയതാണ് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം ആരോരുമില്ലാത്തവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ആശ്രയമാണ് പൈങ്കുളത്തെ ദിവ്യരക്ഷാലയം. ഇവിടുത്തെ ജീവനക്കാരിലൂടെയാണ് അന്തേവാസികള്‍ക്ക് കൊവിഡ് പകര്‍ന്നതെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച ഉടന്‍ കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍കരുതല്‍ എടുത്തെങ്കിലും അന്തേവാസികള്‍ക്കിടയില്‍ രോഗം പകരുന്നത് നിയന്ത്രിക്കാനായില്ല. ആരോഗ്യനില മോശമായ ഏഴ് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് ദിവ്യരക്ഷാലയത്തില്‍ തന്നെ ചികിത്സ നല്‍കി വരികയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
അതേസമയം ഇടപെടാന്‍ വൈകിയെന്ന ആരോപണം ആരോഗ്യവകുപ്പ് നിഷേധിച്ചു. ദിവ്യരക്ഷാലയത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ച് രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യപ്രവര്‍ത്തകരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതമല്ല. രോഗം ബാധിച്ച 20 പേര്‍ നെഗറ്റീവായി. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളെല്ലാം ദിവ്യരക്ഷാലത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.