കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; കോഴിക്കോട്ട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധയുണ്ടായിട്ടുള്ളത്.

ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ അവശ്യവസ്തുക്കളുടെ കടകളും(മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല.

Top