രാജ്യത്ത് കോവിഡ് മരണം 543 ആയി; ആകെ രോഗബാധിതര്‍ 17,265, ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 1,553 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 17,265 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചതോടെ മരണസംഖ്യ 543 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,546 പേരാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 14,175 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 77 പേര്‍ വിദേശികളാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മാഹാരാഷ്ട്രയിലാണ്. 4,203 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് 223പേരാണ് ഇവിടെ മരിച്ചത്.
ഡല്‍ഹിയില്‍ 2003 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 45 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാനില്‍ 1478 പേര്‍ക്കും , തമിഴ്നാട്ടില്‍ 1,477 പേര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് ഭേദമാകുന്നവരുടെ തോതില്‍ പുരോഗതിയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഞായറാഴ്ച രോഗം ഭേദമായവരുടെ ശതമാനം 14.19 ആയിരുന്നെങ്കില്‍ തിങ്കളാഴ്ചയോടെ അത് 14.75 ആയി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Top