കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി അസം

കോവിഡ് കേസുകളില്‍ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി അസം. ഫെബ്രുവരി 15ഓടെ സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ വ്യക്തമാക്കി. എന്നാല്‍, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ഒഴിവാക്കും. സിനിമാ ശാലകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാം. രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ച എല്ലാവര്‍ക്കും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യാം.

മജുലി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പരീക്ഷകളും നടത്താന്‍ തീരുമാനമായി. പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യരായ വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒമ്പത് മുതല്‍ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫ് ലൈന്‍ ക്ലാസുകളുമുണ്ടാകും.

24 മണിക്കൂറിനിടെ 256 പുതിയ കോവിഡ് കേസുകളാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം പ്രതിദിനം 8000 കേസുകള്‍ വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇതുവരെ 7.2 ലക്ഷം പേര്‍ക്കാണ് അസമില്‍ രോഗബാധയുണ്ടായത്.

Top