തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്. വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ഒരാഴ്ചക്കിടെ മാത്രം 6550 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്, ജലീല്‍ വിഷയങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ നടന്നത് തിരുവനന്തപുരത്തായിരുന്നു. സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കിയെന്ന് സിപിഎം ആരോപിച്ചിരുന്നു. അതേസമയം രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്കി. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങള്‍ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ അനുവദിക്കാവൂ. മ്രൈകോ കണ്ടെയ്മെന്റ് സോണുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ വാര്‍ഡ് തലത്തില്‍ തന്നെ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണമെന്ന് അധികൃതര്‍ അറിയിച്ചു. ഇളവുകള്‍ പുനപരിശോധിക്കണമെന്നും ആള്‍ക്കൂട്ടങ്ങളും മത-രാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്നും നിര്‍ദേശമുണ്ട്. വിവാഹത്തിനും മരണത്തിനും 15 പേര് മാത്രമേ പങ്കെടുക്കാവൂ എന്നും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നു.