ആശുപത്രിയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിൽ; ചൈനയിൽ കോവിഡ് ബാധ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്

ബീജിങ്: നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ആശുപത്രികളിൽ രോഗികളായവരെക്കൊണ്ട് നിറയുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു.

പുതിയ കോവിഡ് തരംഗത്തിൽ ലക്ഷക്കണക്കിന് പേർ മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മരണം വർധിച്ചതോടെ ശ്മശാനങ്ങളും നിറഞ്ഞതായും, ജീവനക്കാരോട് കൂടുതൽ ഷിഫ്റ്റിൽ ജോലി ചെയ്യാനും നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തു വന്നിട്ടില്ല.

കോവിഡ് ബാധ കുത്തനെ ഉയരുന്നത് മൂലം ചൈന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്ന് ഡോ. എറിക് ഫെയ്ഗ് ഡിങ് പറയുന്നു. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്നു വർഷങ്ങൾക്ക് ശേഷമാണ് ചൈനയെ ആശങ്കയിലാക്കി പുതു തരംഗം ആഞ്ഞടിക്കുന്നത്. അതേസമയം നവംബർ പകുതിക്ക് ശേഷം 11 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

എന്നാൽ പതിനായിരത്തിലേറെ പേർ ദിനംപ്രതി കോവിഡ് രോഗബാധിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ് ഡോ. എറിക് ഫെയ്ഗ് ഡിങ് പുറത്തു വന്നിട്ടുണ്ട്. അടുത്ത 90 ദിവസത്തിനിടെ ചൈനയിലെ 60 ശതമാനം പേരും കോവിഡ് ബാധിതരാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Top