ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6,387 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,767 ആയി ഉയര്‍ന്നു.കഴിഞ്ഞ അഞ്ച് ദിവസമായി ദിനംപ്രതി ആറായിരം പേര്‍ക്ക് എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. ഇത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 4,337 പേരാണ്. ഇതില്‍ 170 മരണവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്.
രാജ്യത്ത് നിലവില്‍ 83,004 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും 64,425 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്പെയിന്‍, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതരും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 54758 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1792 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ 17728 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 127 പേരാണ് മരണപ്പെട്ടത്. ഗുജറാത്തില്‍ 14821 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 915 മരണവും റിപ്പോര്‍ട്ട് ചെയ്തു.