കോവിഡില്‍ വിറങ്ങലിച്ച് ഇന്ത്യ; 24 മണിക്കൂറിനിടെ 12,881 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് ഇന്ത്യ. രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ച് ചാട്ടമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. ഒറ്റദിവസത്തിനിടെ 12,881 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു.

പുതിയ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. 1,60,384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,94,325 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

അതേസമയം 24 മണിക്കൂറിനിടെ 334 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 12,237 ആയി.

രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു.

47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ അരലക്ഷം കടന്ന് 50193 ആയി. 576 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്.

Top