രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,41,000 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 1,41,000 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 129 പേരാണ് രോഗബാധിതരായി മരിച്ചത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്‌സിജന്‍ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റുകള്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പില്‍ കമ്മീഷന്‍ എന്ത് നിലപാടെടുക്കുമെന്നതാണ് ഇനി അറിയേണ്ടത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും നിസ്സാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന മേധാവിയും മുന്നറിയിപ്പ് നല്‍കി.

Top