ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 96,000കടന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 5,242 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
24 മണിക്കൂറിനിടെ 157 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,029 ആയി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 33,053 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.1,198 പേരാണ് ഇവിടെ മരണപ്പെട്ടത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം ഗുജറാത്തും തമിഴ്നാടുമാണ്.ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ നാലാമതുള്ളത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍.നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും.