കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 5,611 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,06,750 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,611 പുതിയ കോവിഡ് 19 കേസുകളാണ്. രാജ്യത്ത് കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 5000 കടക്കുന്നത്.

140 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3303 ആണ്.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇവിടെനിന്നും വരുന്നത്. 37,136 കോവിഡ് ബാധിതരാണിവിടെയുള്ളത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ നിരക്ക് ഗണ്യേന വര്‍ധിക്കുന്നത്. ഗുജറാത്തില്‍ 12,140പേര്‍ക്കും ഡല്‍ഹിയില്‍ 10,554പേര്‍ക്കും തമിഴ്നാട്ടില്‍ 12,484പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി മാറി കഴിഞ്ഞു. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കോവിഡ് ഡേറ്റയില്‍ പറയുന്നു.

Top