ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം കൂടുന്നു. 1,18,447 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,088 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ 25,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 148 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 3583 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം 2345 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 40,000 കടന്നു.
അതേസമയം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുവെന്നുള്ളതാണ് ആശ്വാസകരമായ വാര്‍ത്ത. 40.5 ശതമാനം പേര്‍ രോഗമുക്തരായെന്നാണ് ഇന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.