കോവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; 24 മണിക്കൂറില്‍ 6,767 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ 1,31,868 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 6,767 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 6,654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

147 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മരണപ്പെട്ടവരുടെ എണ്ണം 3867 ആയി.

രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ ത്രീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയര്‍ത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 47,190 കോവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. 1,577 പേരാണ് ഇവിടെ മരണപ്പെട്ടത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. 15512 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 13,664 പേര്‍ക്കും, ഡല്‍ഹിയില്‍ 12,910 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്താണ്. 829 പേരാണ് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരുമാണ് ഇതിനോടകം മരണമടഞ്ഞത്.

Top