രാജ്യത്ത് കോവിഡ് മരണം 2,549 ആയി, രോഗബാധിതര്‍ 78,000 കടന്നു, ആശങ്ക !

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134 ആയി ഉയര്‍ന്നു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ട്ടപ്പെട്ടത് 2,549 പേര്‍ക്കാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,003 ലേക്ക് എത്തി. 24 മണിക്കൂറില്‍ 3722 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച 78,003 പേരില്‍ 49,219 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

പ്രതിദിനം രാജ്യത്ത് മരണനിരക്ക് കൂടുകയാണ്. രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ മഹാരാഷ്ട്രയില്‍ എല്ലാ പ്രതിരോധവും തകര്‍ത്ത് കോവിഡ് കേസുകള്‍ ഭീകരമാം വിധം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ കാല്‍ലക്ഷത്തോളം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായി എട്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1495 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് 19 കേസുകള്‍ 25,922 ആയി ഉയര്‍ന്നു. 975 പേര്‍ക്ക് ഇതുവരെ ഇവിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം 15,000 കടന്നു.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്.ഗുജറാത്തില്‍ രോഗികളുടെ എണ്ണം ഒന്‍പതായിരം കടന്നു. 566 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രണ്ടു ലക്ഷത്തിലേറെ പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top