കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 10,956 പുതിയ രോഗികള്‍, മരണം 396, ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം കുതുച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം പുതിയ രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു.

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിനിടെ 396 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്കിലും ഇത്രയും വര്‍ധന ഇതാദ്യമാണ്. 8498 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു.

രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.സംസ്ഥാനത്ത് 3590 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.22032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1385 മരണം റിപ്പോര്‍ട്ട് ചെയ്തു.

34687 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1085 മരണമാണുണ്ടായത്. 38716 പേര്‍ക്കാണ് തമിഴനാട്ടില്‍ രോഗം കണ്ടെത്തിയത്. 349 മരണം അവിടെ റിപ്പോര്‍ട്ട് ചെയ്തു.

Top