ന്യൂഡല്‍ഹി: രാജ്യത്ത് വലിയ ആശങ്കയുണര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 11458 പുതിയ കോവിഡ് കേസുകളാണ്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ചയാണ് ആദ്യമായി കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലെത്തുന്നത്. തൊട്ടടുത്ത ദിവസം തന്നെയാണ് പുതിയ രോഗബാധിതരുടെ നിരക്ക് പതിനൊന്നായിരത്തിന് മുകളിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിവേഗത്തിലാണ് രാജ്യത്ത് കോവിഡ് വ്യാപിച്ചുക്കൊണ്ടിരിക്കുന്നത്.രോഗബാധിതര്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാകാനെടുത്തത് 15 ദിവസവും രണ്ടില്‍ നിന്ന് മൂന്ന് ലക്ഷമാകാനെടുത്തത് 10 ദിവസമാണെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നാണ് വ്യക്തമാക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയില്‍ എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 1,45,779 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
24 മണിക്കൂറിനിടെ 386 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരായി മരിച്ചത് 8,884 പേരാണ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത്. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്.3717 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ 22,527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,415 പേരാണ് മരണപ്പെട്ടത്. ഡല്‍ഹിയില്‍ 36,824 കോവിഡ് ബാധിതരാണുള്ളത്. ഇവിടെ 1,214 പേരാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 40,698ഉം 367 മരണവും റിപ്പോര്‍ട്ട് ചെയ്തു.