ന്യൂഡല്‍ഹി: കുതിച്ച് ഉയര്‍ന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഒറ്റ ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം രോഗം ബാധിക്കുന്നത് ഇതാദ്യമാണ്.ഇതോടെ ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്തെ കോവിഡ് മരണനിരക്ക് ഒമ്പതിനായിരം കടന്ന് 9195 ആകുകയും ചെയ്തു. ഇതില്‍ 311 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്
മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഒരു ലക്ഷം കടന്നു. 1,04,568 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധിച്ചത്. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം കണ്ടെത്തിയത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രിമാരുടെ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. നഗര, ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് അടിയന്തര പദ്ധതി തയ്യാറാക്കാനാണു നിര്‍ദേശം.
അതേസമയം ഡല്‍ഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.