ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,985 കോവിഡ് കേസുകള്‍.തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി ഉയര്‍ന്നു.
1,35,206 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ 1,33,632 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് വിവിധ സംസ്ഥാങ്ങളില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 279 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണങ്ങള്‍ 7745 ആയി ഉയരുകയും ചെയ്തു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 90,787 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.42,638 പേര്‍ ഇതിനകം രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി ഉയര്‍ന്നു.
മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു. നിലവില്‍ വുഹാനെക്കാള്‍ 700 കോവിഡ് കേസുകള്‍ മുംബൈയില്‍ അധികമായുള്ളത്. 3,869 മരണങ്ങളുള്‍പ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
34914 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 307 മരണങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ
എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍ കന്യാകുമാരി തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ കൂടി.
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഈ കണക്ക് രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം ഡല്‍ഹിയില്‍ ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഗുജറാത്ത് 21014, ഉത്തര്‍പ്രദേശ് 11335, രാജസ്ഥാന്‍ 11245 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റ് കേസുകള്‍.