ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി പടര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 357 പേര്‍. ഇതാദ്യമായാണ് 24 മണിക്കൂറിനിടയിലെ കോവിഡ് മരണനിരക്ക് 300 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8,102 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു.
രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള്‍ ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,029 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
അതേസമയം രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണവും കാര്യമായി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,51,808 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതു വരെ 52 ലക്ഷത്തിലേറെ കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആയി. 3438 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.
21,521 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1347 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 36,841 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 326 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.ഡല്‍ഹിയില്‍ 32,810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 984 പേരാണ് ഇവിടെ മരണപ്പെട്ടത്.