ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കേസുകളുടെ വര്‍ധനവിന് കാരണം ജനങ്ങളുടെ അലസതയാണ്. തിരക്കേറിയ സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. അതിനാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,15,55,284 ആയി. 188 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,59,558 ആയി. 23,653 കൂടി പേര്‍ രോഗമുക്തരായി.