ഛായാഗ്രാഹകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് അന്തരിച്ചു

മുംബൈ: യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് ( പിപ്പിജാന്‍ ) അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയില്‍ ചികിത്സയിലായിരുന്നു. ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കപില്‍ ശര്‍മ്മ പ്രധാന വേഷം ചെയ്ത ‘കിസ് കിസ്‌കോ പ്യാര്‍ കരു’ എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളത്തു ജനിച്ച ദില്‍ഷാദ് സുപ്രസിദ്ധ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്.

പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫര്‍ രവിയാദവിനോപ്പം ടാര്‍സന്‍- ദ വണ്ടര്‍ കാര്‍, 36 ചീന ടൗണ്‍, റെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ഓപ്പറേറ്റിംഗ് ക്യാമറാമാന്‍ ആയി പ്രവര്‍ത്തിച്ചു. ‘ ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ‘ദ ബ്ലാക്ക് റഷ്യന്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനായി.

 

Top