കോവിഡ്; ആയുര്‍വേദ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചേക്കുമെന്ന്

ബംഗളൂരു: കോവിഡ് രോഗമുക്തിക്കായുള്ള ആയുര്‍വേദ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ബിഎംസിആര്‍ഐ) എത്തിക്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത്.

കോവിഡിനെതിരായ ആയുര്‍വേദ മരുന്ന് അവതരിപ്പിച്ച ഡോക്ടര്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കാതെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടതാണ് ഈ നീക്കത്തിന് കാരണം.

ബംഗളൂരുവിലെ ആയുര്‍വേദ ഡോക്ടറായ ഗിരിധര്‍ കാജെയാണ് ഭൗമ്യ, സാത്മ്യ എന്നീ പേരുകളില്‍ ആയുര്‍വേദ ഗുളികകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തങ്ങള്‍ക്ക് മുമ്പാകെ പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് എത്തിക്‌സ് കമ്മിറ്റിയുടെ കത്തില്‍ പറയുന്നത്.

പരീക്ഷണത്തിന്റെ നിലവിലെ സ്ഥിതി ഡോക്ടര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നും എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, കത്തിലെ ആരോപണങ്ങള്‍ ഡോക്ടര്‍ കാജെ നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഏഴ് മുതല്‍ 25 വരെ വിക്ടോറിയ ആശുപത്രിയിലാണ് ആയുര്‍വേദ മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്

Top