തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ജൂലൈ 24ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
നിയമസഭാസമ്മേളനം മാറ്റിവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയായേക്കും. ധനവിനിയോഗ ബില്ല് പാസാക്കുന്നതിനാണ് ഈ മാസം 27ന് നിയമസഭാസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സഭാസമ്മേളനം ചേര്‍ന്നേക്കില്ലെന്നാണ് സൂചനകള്‍.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാല് പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്‍ ഉള്‍പ്പെടെ നാലു ബന്ധുക്കള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണു മരിച്ചത്. കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.