കോവിഡ്; പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ഹരിയാന: പഞ്ചാബില്‍ കോവിഡ് പരിശോധനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഉപജീവനമാര്‍ഗം നിലച്ചുപോകുമെന്ന് ഭയന്ന് കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഈ നീക്കം.

ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നത് വഴി കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയ്യാറാകും. ഇത് പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും കോവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിനും സഹായിക്കും. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച പട്യാലയില്‍ നിന്നാണ് ഈ പദ്ധതി ആരംഭിക്കുകയെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഐസൊലേഷനില്‍ കഴിയുന്ന പാവപ്പെട്ട കൊവിഡ് രോഗികള്‍ക്കും സമാനമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആശുപത്രിയില്‍ കഴിയേണ്ടി വരുന്നതിനെ രോഗികള്‍ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ ഭയത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. രോഗബാധിതരായവരുടെ വീടിന് പുറത്ത് സ്റ്റിക്കറുകളോ പോസ്റ്ററുകളോ പതിക്കുകയില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. എത്രനാള്‍ ഈ മഹാമാരി നീണ്ടുനില്‍ക്കുമെന്ന് അറിയില്ല. അതിനാല്‍ കഠിനവും ദീര്‍ഘവുമായ ഒരു പോരാട്ടത്തിന് ജനങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top