കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പുതിയ ക്രമീകരണം സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല. കോവിഡ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി നടത്താന്‍ തീരുമാനിച്ചത്.

നേരത്തേ അഞ്ചുമണി വരെയായിരുന്ന വോട്ടിങ് , രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാക്കി. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിനോ പ്രോക്‌സി വോട്ടിനോ അനുമതി നല്‍കും. കമീഷന്‍ ശിപാര്‍ശ ലഭിക്കുന്ന മുറക്ക് പഞ്ചായത്ത്- മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താല്‍ക്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതി. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍/പ്രോക്‌സി വോട്ട് അനുവദിക്കാനായിരുന്നു തീരുമാനം.

ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടുചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്ധരുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും കമീഷന്‍ പറഞ്ഞു.പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്റ്റ് രണ്ടാംവാരം പുറത്തിറക്കും.

ജൂണില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയിലെ പരാതികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ പരിഹരിക്കുകയാണ്. പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാധ്യമ, സമൂഹമാധ്യമ പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയുറകളും നല്‍കും. ബൂത്തില്‍ സാമൂഹിക അകലം പാലിക്കും. വോട്ട് ചെയ്യാന്‍ കയറുേമ്പാഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരിനില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.

Top