ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച 61 പേര്‍ക്കും വെള്ളിയാഴ്ച 51 പേര്‍ക്കും ശനിയാഴ്ച 69 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 3,03,105 ആയി. ഇവരില്‍ 2,93,254 പേരാണ് ഇതിനോടകം രോഗമുക്തരായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്ച രണ്ട് പേരും വെള്ളിയാഴ്ച ഒരാളും ശനിയാഴ്ച രണ്ടുപേരും ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4089 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെ മാത്രമാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ ആകെ 64 കൊവിഡ് രോഗികള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Top