ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പേ 9 പാക് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇസ്‌ലാമബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനത്തില്‍ കയറുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമില്‍ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ കോവിഡ് സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ താരങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. ഹൈദര്‍ അലി, ഷതാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്ക് ഇന്നലെത്തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്ക് ടീമിലെ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും പരമ്പര മുന്‍ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് പിസിബി അറിയിച്ചു.

ലഹോറില്‍നിന്ന് ഈ മാസം 28ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചസ്റ്ററിലേക്കു പോകാനിരിക്കുന്ന 29 അംഗ പാക്ക് ടീമില്‍ ഉള്‍പ്പെട്ടവരാണ് 10 പേരും. റാവല്‍പിണ്ടിയില്‍ ടെസ്റ്റ് നടത്തിയ താരങ്ങളില്‍ മൂന്നു പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

Top