ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊണാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നില്‍ക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. മാസ്‌ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ ഒരു മുന്‍കരുതലുമില്ലാതെ പിന്‍വലിക്കുക വഴി ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കൂടിയിരുന്നു.
പല ലോകരാജ്യങ്ങളെയും മറികടന്ന് രോഗവ്യാപനനിരക്കില്‍ ബ്രസീല്‍ മുന്നിലെത്തിയത് വളരെപ്പെട്ടെന്നാണ്.സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന എല്ലാ ചട്ടങ്ങളും ബൊല്‍സൊണാരോ എടുത്തുകളഞ്ഞു. ഇനി തനിയ്ക്ക് കൊവിഡ് വന്നാല്‍പ്പോലും പേടിക്കാനില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു.
”ഒരു തരത്തിലും ഇതെന്നെ ബാധിക്കാന്‍ പോകുന്നില്ല. മിക്കവാറും ഇതൊരു ചെറിയ പനിയായോ ജലദോഷമായോ വന്ന് പോകുകയല്ലേ ഉള്ളൂ”, എന്നാണ് ബൊല്‍സൊണാരോ പ്രസ്താവന നടത്തിയത്. കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബൊല്‍സൊണാരോയ്ക്ക് നാല് തവണ ടെസ്റ്റ് നടത്തിയിരുന്നു. നാലാം ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.