കോട്ടയം: ഇന്നലെ കോട്ടയത്ത് കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്.
കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ഉഴവൂരില്‍ എത്തിയതാണിവര്‍. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ കുഞ്ഞിന്റേയും അമ്മയുടേയും സ്രവ പരിശോധന നടത്തിയത്.
ഇവര്‍ നെടുമ്പാശേരിയില്‍ നിന്നു മടങ്ങിയ ടാക്‌സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്‌സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.