ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 688 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12488 ആയി. ചെന്നൈ നഗരത്തില്‍ ഇന്നു മാത്രം 552 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയാണ് തമിഴ്‌നാട്. നിലവില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം തമിഴ്‌നാടാണ്.
കോയമ്പേട് നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കോയമ്പേട് ക്ലസ്റ്ററിലൂടെ നൂറുകണക്കിന് ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ചേരികളില്‍ രോഗലക്ഷണമില്ലാത്ത പുതിയ രോഗികളുണ്ടാവുന്നത് വെല്ലുവിളി ഇരട്ടിയാക്കുന്നു.
ഒരു ലക്ഷത്തോളം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന കണ്ണകി നഗറില്‍ കൊവിഡ് ബാധിതര്‍ 45 ആയി. ഇതുവരെ രോഗവ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു.