മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല സയണിലെ മീഡിയ കോളനി അടച്ചിടാനാണ് തീരുമാനം.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈയില്‍ മാത്രമുള്ള രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മരിച്ചതില്‍ 41 പേര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരുപത്തിയൊന്നും മുപ്പതും വയസ്സനിടിയിലുള്ള 5 പേരാണ് ഇങ്ങനെ മരിച്ചത്. മുംബൈ നഗരത്തിലെ 721 വാര്‍ഡുകളും അതിവേഗം വൈറസ് പടരുന്ന പുണെ, പിംപിരി ചിന്‍ഞ്ച്വാഡ്, താനെ, മിര ഭയന്തര്‍ പ്രദേശങ്ങളും അതിതീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Top