പട്‌ന: ഇതുവരെ തിരിച്ചറിയാത്ത പുതിയൊരുതരം കൊവിഡ് വകഭേദം ബീഹാറില്‍ കണ്ടെത്തി. ബീഹാറിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പരിശോധിച്ച 32 സാമ്പിളുകളില്‍ ഒന്നിലാണ് ഇതുവരെ തിരിച്ചറിയാത്ത വകഭേദം ലഭിച്ചത്.
27 സാമ്പിളുകള്‍ വലിയ വകഭേദം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. നാലെണ്ണം ഡെല്‍റ്റാ വകഭേദവും. ഒരെണ്ണം ഇതുവരെ കാണാത്ത തരമാണെന്നാണ് കണ്ടെത്തിയത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്ന ലക്ഷണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്നത്. 5022 പുതിയ കേസുകളാണ് ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ 12,101 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ ബീഹാറിലെ ആക്ടീവ് കൊവിഡ് കേസുകള്‍ 16,898 ആയി ഉയര്‍ന്നു.
ഇതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണ് താനെന്ന് രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിതീഷ് കുമാറും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചു. മുന്‍പ് മുഖ്യമന്ത്രിയുടെ സ്റ്രാഫിലെ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.