ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

thomas-issac

തിരുവനന്തപുരം: സംസ്ഥാനത്ത് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ സ്റ്റാഫിലെ ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

തോമസ് ഐസക് മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത മറ്റ് നേതാക്കളും നിരീക്ഷണത്തില്‍ പ്രവേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെകെ ശൈലജ, ഇപി ജയരാജന്‍ അടക്കമുളളവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഡോ. തോമസ് ഐസകിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡോ. തോമസ് ഐസകിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക കൊവിഡ് ചികിത്സാ മുറിയില്‍ ആണ് ധനമന്ത്രിയെ താമസിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചത് എന്നുളളത് ആരോഗ്യവകുപ്പ് പരിശോധിക്കും. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

Top