ദില്ലി: ഇന്ത്യന്‍ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇന്ത്യയുടെ ‘പറക്കും സിഖ്’. 91കാരനായ മില്‍ഖാ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതോടെ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു. പറക്കും സിഖ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച അത്ലറ്റാണ്. നാല്തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖാ സിംഗ് 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. എങ്കിലും ഒളിംപിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ അത്ലറ്റ് എന്ന നേട്ടം സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ അത്ലറ്റുമാണ് (1958ല്‍). അതേവര്‍ഷം രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.