അയോധ്യയില്‍ ഭൂമി പൂജ ചെയ്യേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലഖ്നൗ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാമക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ ഹോം ക്വാറന്റീനിലാണ്.

അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.

അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.

40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

നരേന്ദ്രമോദിക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, എല്‍കെ അധ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്വാര്‍, യോഗി ആദിത്യനാഥ്, മോഹന്‍ ഭാഗവത് അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Top