കോവിഡ് ബാധ പുരുഷ പ്രത്യുത്പാദനത്തെ ബാധിക്കുമെന്ന് പഠനം

പാരീസ്: കോവിഡ് ബാധ പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

84 പുരുഷന്മാരില്‍ 60 ദിവസം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും ചേര്‍ത്താണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ബെഹ്സാത് ഹജിസദേഹ് മലേകി പറഞ്ഞു.

കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങള്‍ നേരത്തേയും പുറത്തുവന്നിരുന്നു.

 

Top