മസ്‌കറ്റ്: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. വരും മാസങ്ങളില്‍ കൂടുതല്‍ വിദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
ഒമാന്റെ ഇപ്പോഴത്തെ ജനസംഖ്യ 45,36,938 ആണ്. 2017ല്‍ 46.7 ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇതില്‍ 21 ലക്ഷവും വിദേശികളായിരുന്നു. 2018-ല്‍ വിദേശികളുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞു. 2019 ഡിസംബറില്‍ 1,974,598 വിദേശികള്‍ ആയിരുന്നു ഒമാനില്‍ ഉണ്ടായിരുന്നത്. ഇത് 2020 മാര്‍ച്ച് മാസം ആയതോടു കൂടി 1,941,369 ആയി കുറഞ്ഞുവെന്നും ഒമാന്‍ ദേശീയ സ്ഥിതി വിവരമന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ഈ മാസങ്ങളില്‍ ഒമാനില്‍ നിന്നും 82,000 വിദേശികള്‍ മടങ്ങി പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.